മൽസ്യത്തിന്റെ ചെകിളപ്പൂക്കളിൽക്കൂടി അകത്തുകടക്കുന്ന സൈമോതോവ എക്സിഗുവ (Cymothoa exigua) എന്ന കുഞ്ഞൻ ജീവി മൽസ്യത്തിന്റെ നാവിൽ പറ്റിപ്പിടിക്കുന്നു. അതിനുശേഷം നാവിലേക്കുള്ള രക്തധമനികൾ മുറിച്ചുമാറ്റുന്നു. അതോടെ മുറിഞ്ഞുപോവുന്ന നാവ് ഇരുന്ന സ്ഥാനത്ത് ഈ കുഞ്ഞൻ പറ്റിപ്പിടിച്ചിരിക്കുമ്പോൾ അത് മീനിന്റെ നാവ് ആണെന്നുതോന്നുകയും ചെയ്യും. ഈ പരാദത്തിന്റെ പെണ്ണ് മൽസ്യത്തിന്റെ ചെകിളപ്പൂക്കളിൽക്കൂടി അകത്തുകടന്ന് മീനിന്റെ നാവു മുറിച്ച് അവിടെ നാവിന്റെ സ്ഥാനത്ത് തുടരുമ്പോൾ അതിന്റെ ആണ് ചെകിളയിൽത്തന്നെയാണ് ഇരിക്കുന്നത്. ഈ ജീവി മൽസ്യത്തിന്റെ രക്തത്തിൽ നിന്നും പോഷകങ്ങൾ മോഷ്ടിച്ച് വളരുകയും ആ മൽസ്യത്തിന്റെ ജീവിതാവസാനം വരെ അവിടെ തുടരുകയും ചെയ്യുന്നു. പല കുടുംബങ്ങളിലായി എട്ട് ഇനം മൽസ്യങ്ങളിൽ സുഖവാസം ചെയ്യുന്ന ഈ ജീവി അത്ലാന്റിക്കിൽ ആണ് കാണപ്പെടുന്നത്.
By : Vinaya Raj V R