ചില ചിത്രങ്ങൾ ഒറ്റയടിക്ക് നമ്മെ അനേകവർഷങ്ങൾ പിന്നിലേയ്ക്ക് കൊണ്ടുപോകും . ചില സംഭവങ്ങൾ ഓർമ്മിപ്പിക്കും . ഈ ചിത്രം നോക്കൂ . 1929 നവംബറിൽ അപകടത്തിൽപെട്ട ഒരു കപ്പലിന്റെ ഇന്നത്തെ സ്ഥിതിയാണിത് . പസഫിക്കിലെ ഒറ്റപ്പെട്ട , ഇപ്പോൾ വിജനമായ ഒരു ദ്വീപാണ് Nikumaroro. നീളത്തിൽ ഏകദേശം ത്രികോണാകൃതിയിൽ സ്ഥിതിചെയ്യുന്ന ഈ ദ്വീപ് ഒരു കോറൽ അറ്റോൾ ആണ് . അതായത് ദ്വീപിനുള്ളിൽ ഒരു വലിയ ലഗൂൺ ഉണ്ട് എന്നർത്ഥം . എന്നാൽ ഒരു കപ്പലിന് ഇതിനുള്ളിൽ പ്രവേശിക്കുക ദുഷ്കരമാണ് . 1929 നവംബർ ഇരുപത്തിഒൻപതിനാണ് ഒരു ബ്രിട്ടീഷ് ഫ്രയ്റ്റർ ആയ SS Norwich City ഒരു കൊടുങ്കാറ്റിൽ പെട്ട് ഈ ദ്വീപിനടുത്തുള്ള ഒരു പവിഴപ്പുറ്റിലേയ്ക്ക് ഇടിച്ചു കയറിയത് . കപ്പലിനുള്ളിൽ തീ പിടിച്ചതോടു കൂടി , നാവികർ കടലിലേയ്ക്ക് ചാടി ദ്വീപിലേക്ക് നീന്തി രക്ഷപെട്ടു . അപകടത്തിൽ പതിനൊന്നോളം ജീവൻ നഷ്ട്ടപെട്ടു എങ്കിലും നീന്തി കരയിൽ ചെന്നവരെ ദിവസങ്ങൾക്കുള്ളിൽ മറ്റൊരു കപ്പൽ വന്ന് രക്ഷപെടുത്തി . മുങ്ങിപ്പോകാതെ പവിഴപ്പുറ്റിൽ ഇടിച്ചു നിന്നിരുന്ന കപ്പൽ പിന്നീട് പതിറ്റാണ്ടുകളോളം ഒരു സൈൻ ബോർഡ് പോലെ കടലിലെ വഴികാട്ടിയായി നിലകൊണ്ടു . എങ്കിലും കടൽത്തിരകളുമായി മല്ലിട്ട് ഇപ്പോൾ കപ്പലിന്റെ ഭൂരിഭാഗവും ദ്രവിച്ചു പോയിക്കഴിഞ്ഞു . ഗൂഗിൾ മാപ്പിലെ സാറ്റലൈറ്റ് വ്യൂവിൽ -4.660833, -174.544444 എന്ന കോർഡിനേറ്റുകൾ പരതിയാൽ കപ്പൽ കിടക്കുന്നത് നമ്മുക്കും കാണാവുന്നതാണ് (https://goo.gl/maps/gwRfBx2dpix) .
ഈ കപ്പലപകടം നടന്നതിന് പത്തു വർഷങ്ങൾക്ക് ശേഷം മറ്റൊരു പ്രധാന ദുരന്തത്തിന് കൂടി ഈ ചെറുദ്വീപ് സാക്ഷിയായി . ലോകം ചുറ്റാനിറങ്ങിയ Amelia Mary Earhart , സഞ്ചരിച്ചിരുന്ന ഇലക്ട്രാ വിമാനം ഈ ദ്വീപിനടുത്തു എവിടെയോ വെച്ച് അപ്രത്യക്ഷമായി ! ലോകത്താദ്യമായി ഒറ്റയ്ക്ക് അറ്റ്ലാൻറ്റിക്കിന് മീതെ പറന്ന വനിതയായിരുന്നു അമീലിയ . അവസാന പറക്കലിൽ Howland Island ആയിരുന്നു അവരുടെ ലക്ഷ്യം എങ്കിലും അവിടെ എത്തിച്ചേരുന്നതിന് മുൻപേ വിമാനം അപകടത്തിൽ പെടുകയാണ് ഉണ്ടായത് എന്ന് കരുതപ്പെടുന്നു . വിമാനത്തിൽ അവരുടെ കൂടെ Fred Noonan എന്നൊരു വൈമാനികനും ഉണ്ടായിരുന്നു . ഹൊവ്ലാൻഡ് ദ്വീപിലും പസഫിക്കിലെ മറ്റനേകം ദ്വീപുകളുടെ പരിസരങ്ങളിലും മാസങ്ങളോളം തിരഞ്ഞെങ്കിലും ഇവരെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചില്ല . എന്നാൽ The International Group for Historic Aircraft Recovery (TIGHAR) ഈ അടുത്തകാലം വരെയും നടത്തിയ അനേകം പര്യവേഷങ്ങളിൽ നിന്നും അവർ മുന്നോട്ടു വെക്കുന്ന തിയറി അനുസരിച്ച് , ഇരുവരും Nikumaroro ദ്വീപിലോ അതിനടുത്തുവെച്ചോ ക്രാഷ് ലാൻഡ് ചെയ്യുകയും ആഴ്ചകളോളം ഈ ദ്വീപിൽ താമസിക്കുകയും ചെയ്തിരുന്നു എന്ന് തെളിയുന്നു . കടുത്ത ശുദ്ധജലക്ഷാമം ഉള്ള ദ്വീപിൽ രോഗമോ പട്ടിണിയോ മൂലം അവർ കൊല്ലപ്പെട്ടിരിക്കാം എന്നാണ് അനുമാനിക്കപ്പെടുന്നത് . ദ്വീപിൽ നിന്നും കിട്ടിയ ചില പുരാവസ്തുക്കളിൽ തൊള്ളായിരത്തി മുപ്പതുകളിലെ ഒരു സ്ത്രീയുടെ എന്ന് തോന്നിക്കുന്ന ചില വസ്ത്രങ്ങളും മറ്റു ചില സാധനങ്ങളും ഇവർക്ക് ലഭിച്ചിരുന്നു . എന്നാൽ ഈ തിയറി തെറ്റാണ് എന്ന് കരുതുന്നവരും ഉണ്ട് . എന്തായാലും ഈ ദ്വീപിന്റെയും കപ്പലപകടത്തിന്റെതുമായി ഇന്റർനെറ്റിൽ കാണുന്ന സകല ഫോട്ടോകളും TIGHAR ടീമിന്റെ സംഭാവനയാണ് .