അതിസൂഷ്മ കണങ്ങളായ ആറ്റങ്ങളുടെ ഭാരം അളക്കുന്ന യൂണിറ്റാണ് ആറ്റമിക് മാസ് യൂണിറ്റ്(amu) അഥവാ യൂണിഫെഡ് ആറ്റമിക് മാസ് (u).
കാർബണിന്റെ ഏറ്റവും സ്ഥിരതയുളള ഐസോടോപ്പായ കാർബൺ -12 ന്റെ ഭാരത്തെ അടിസ്ഥാനമാക്കിയാണ് ഇവയുടെയെല്ലാം ഭാരം കണക്കാക്കുന്നത്. ഒരു കാർബൺ – 12 ന്റെ ഭാരമളന്ന് അതിന്റെ 12ൽ ഒന്നാണ് ഒരു u. മറ്റ് ആറ്റങ്ങളുടെ ഭാരം ഈ 12 ൽ ഒന്നിന്റെ എത്ര മടങ്ങാണെന്ന് കണക്കാക്കും. ഇതായിരിക്കും അവയുടെ ആറ്റമിക് മാസ്.
ആറ്റത്തിന്റെ ഭാരം കണക്കാക്കിയപോലെ തന്മാത്രയുടെ ഭാരം കണക്കാക്കുന്നതാണ് മോളികുലാർ മാസ്. amu യൂണിറ്റിൽ തന്നെയാണ് മോളികുലാർ മാസും പറയുന്നത്.
ജല തന്മാത്രയെ നോക്കിയാൽ H രണ്ടും O ഒന്നും (H2O). Hന്റെ ആറ്റമിക് മാസ് 1.008 ഉം O വിന്റെ 15.9994 ഉം ആണ്.രണ്ടും കൂടി കൂട്ടിയാൽ 18.01528, അപ്പോൾ H2O വിന്റെ ഭാരം18 എന്നായി.
അതുപോലെ പഞ്ചസാരയുടേത് 12 കാർബൺ, 22 ഹൈഡ്രജൻ, 11 ഓക്സിജൻ(C12 H22 O11). മുകളിൽ പറഞ്ഞ അത്രയും ആറ്റങ്ങൾ കൂട്ടിയാൽ പഞ്ചസാര തന്മാത്രയുടെ ഭാരമായി. ഒരു ജല തന്മാത്രയുടെ 19 മടങ്ങുവരുമിത്.
മോളികുലാർ മാസിനെ തന്നെയാണ് മോളികുലർ വെയ്റ്റ് കൊണ്ട് അർത്ഥമാക്കുന്നത്.മാസും, വെയ്റ്റും തമ്മിൽ വ്യതാസമുള്ളതിനാൽ ഇപ്പോൾ മോളികുലാർ വെയ്റ്റ് എന്ന് പറയുന്നത് ശാസ്ത്രീയമല്ല മോളികുലാർ മാസ് എന്നാണ് ഉപയോഗിക്കുന്നത്.