ലോകത്തെ മാറ്റിമറിച്ച സമവാക്യം
ആൽബർട്ട് ഐൻസ്റ്റീന്റെ e = mc2 എന്ന സമവാക്യത്തിന്റെ ശക്തി ലോകം തിരിച്ചറിഞ്ഞത് 1945 ആഗസ്റ്റ് 6 നും 9നും ആയിരുന്നു. അണുശക്തിയുടെ പ്രഹരശേഷിക്കു മുമ്പിൽ ലോകം വിറങ്ങലിച്ചു നിന്ന നിമിഷങ്ങൾ.
രണ്ടാം ലോകമഹായുദ്ധകാലത്ത് ആദ്യം അറ്റംബോബ് നിർമാണ പ്രൊജക്ടിന് നൽകിയ പേരാണ് മാൻഹാട്ടൻ പ്രൊജക്ട്.അമേരിക്കയുടെ ഈ പ്രൊജക്ടിൽ ബ്രിട്ടനിലേയും കാനഡയിലേയും ശാസ്ത്രജ്ഞരും ഉണ്ടായിരുന്നു.1938 ൽ ജർമൻ ശാസ്ത്രജ്ഞർ ന്യൂക്ലിയർ ഫിഷൻ കണ്ടു പിടിച്ചിരുന്നു.അതിനെ തുടർന്ന് ഹിറ്റ്ലർ അണുബോംബ് നിർമിച്ചേക്കുമെന്ന ഭയത്താൽ അമേരിക്കൻ ശാസ്ത്രജ്ഞർ ഐൻസ്റ്റീന്റെ സ്വാധീനത്തിൽ പ്രസിഡൻറായ റൂസ് വെൽറ്റിനോട് ന്യൂക്ലിയർ രംഗത്ത് ഗവേഷണാനുമതി തേടി.ഇതിനെ തുടർന്നാണ് മാൻഹാട്ടൻ പ്രൊജക്ട് വന്നത്.ഓരോ ഫിഷനിലും എത്ര ന്യൂട്രോണുകൾ പുറം തള്ളുന്നു,ഏതൊക്കെ മൂലകങ്ങൾ ന്യൂട്രോണുകളെ ആഗിരണം ചെയ്യാതെ പ്രവേഗത്തെ മാത്രം നിയന്ത്രിക്കുന്നു, ഭാരം കുറഞ്ഞ യുറേനിയം 235 നെ കൂടാതെ യുറേനിയം 238 ഉം ഫിഷനു വേണ്ടി ഉപയോഗിക്കാമോ എന്നീ ചോദ്യങ്ങളാണ് ഗവേഷണത്തിന് തിരഞ്ഞെടുത്തത്.ഓരോ ഫിഷനും ന്യൂട്രോണുകളെ പുറന്തള്ളുന്നു എന്നും ചെയിൻ റിയാക്ഷൻ സാധ്യമാണ് എന്നും കണ്ടെത്തി.മാൻഹാട്ടൻ പ്രൊജക്ടിന്റെ ആത്യന്തിക ലക്ഷ്യം അണുബോംബ് നിർമിക്കൽ തന്നെയായിരുന്നു.റോബർട്ട് ഓപ്പൺ ഹൈമറായിരുന്നു പദ്ധതിയുടെ ഡയറക്ടർ.1945 ന് ആഗസ്റ്റ് 6 ന് ലിറ്റിൽ ബോയ് എന്ന പേരുള്ള അണുബോംബ് ഹിരോഷിമയിൽ വർഷിച്ചു. യുറേനിയം 235 ആയിരുന്നു ബോംബിന് ഊർജം നൽകിയത്.4 ടൺ ഭാരമുള്ള ബോംബിന്റെ 600 മില്ലിഗ്രാം പിണ്ഡം ഐൻസ്റ്റിന്റെ സമവാക്യമനുസരിച്ച് ഊർജമാക്കിയതിലൂടെ 13 – 18 കിലോ ടൺ ടി.എൻ.ടി പ്രഹര ശേഷിയാണ് ലഭിച്ചത്.ഏകദേശം140000 പേർ സ്ഫോടനത്തിൽ കൊല്ലപ്പെട്ടു.ആദ്യ അണുബോംബ് വർഷിച്ച പൈലറ്റ് പോളിന് വലിയ കുറ്റബോധമൊന്നും തോന്നിയിരുന്നില്ല.എന്നാൽ അണുബോംബിന്റെ പിതാവെന്നറിയപ്പെടുന്ന തലവനായ ഓപ്പൺ ഹൈമർ വിഷാദ രോഗത്തിന് അടിമയായി.അതേവർഷം ആഗസ്റ്റ് 9 ന് നാഗസാക്കിയിൽ ഫാറ്റ്മാൻ എന്ന പേരുള്ള ലോകത്തിലെ രണ്ടാമത്തേയും അവസാനത്തേയും (ഇന്നുവരെ)അണുബോംബ് വർഷിച്ചു.പ്ലൂട്ടോണിയം ഊർജം നൽകിയ ബോംബിന് 21കിലോ ടൺ ടി.എൻ.ടി പ്രഹര ശേഷിയായിരുന്നു.
ഈ പോസ്റ്റ്, ലേഖകന്റെ അനുവാദം കൂടാതെ യൂട്യൂബ് വീഡിയോകൾക്കായി ഉപയോഗിക്കാൻ പാടില്ല.