മനുഷ്യന്റെ (എന്നല്ല, മിക്കവാറും എല്ലാ ജന്തുക്കളുടേയും) ഓർമ്മശക്തിയുടെ പ്രഭാവം മൂന്നു കാര്യങ്ങളിലാണു്:
1. അനുപാതങ്ങൾ (Ratios)
2. കണ്ണിമാലകൾ (Sequences)
3. വ്യത്യാസങ്ങൾ (Differentials)
പൂച്ചയ്ക്കു് എലിയെപ്പിടിക്കണമെങ്കിലും നമുക്കു മാവേലെറിയണമെങ്കിലും സച്ചിനു് ബൗണ്ടറിയടിക്കണമെങ്കിലും അനുപാതങ്ങളും കണ്ണിമാലത്തരങ്ങളും നേർമ്മത്തിരിവുകളും അറിയണം. അവയുടെ കണക്കും ഫിസിക്സും അറിയണം.
പക്ഷേ, അവരൊന്നും സ്കൂളിൽ പഠിച്ച കണക്കുവെച്ചിട്ടല്ല സ്വന്തം ധർമ്മങ്ങളിൽ മിടുക്കുകാണിക്കുന്നതു്.
ഒരുത്തനെ / ഒരുത്തിയെ കണ്ടാൽ സുന്ദരനോ സുന്ദരിയോ ആണെന്നു തോന്നാൻ കാരണമെന്താണു്? അവളെ / അവനെ പ്രണയിക്കാൻ തക്ക ഏറ്റവും നല്ല അനുപാതങ്ങളിലാണു് കണ്ണും മൂക്കും വായും ചുണ്ടും മറ്റവയവങ്ങളും എന്നു നമ്മോടു സൂചിപ്പിക്കുന്നതു് ആരാണു്?
കൊതുകു് ഇരപിടിക്കുന്ന വിധമറിയാമോ? നൂറുകണക്കിനു മീറ്ററുകൾ അകലെനിന്നുതന്നെ അവയ്ക്കു് വായുവിലെ കാർബൺ ഡയോക്സൈഡിന്റെയും മറ്റു ജൈവജന്യവാതകങ്ങളുടേയും വളരെ നേരിയ വ്യത്യാസങ്ങൾ തിരിച്ചറിയാം. അതോടൊപ്പം ചൂടിന്റെ (ഇൻഫ്രാറെഡ് റേഡിയേഷന്റെ) കൊച്ചുകൊച്ചുതിരമാലകളേയും.
പഴയ കാലത്താണെങ്കിൽ, കാടായാലും നാടായാലും സദാ ശ്വസിച്ചും അപചയിച്ചും ‘ജീവിച്ചു’കൊണ്ടിരിക്കുന്ന ഏതെങ്കിലും ജന്തുക്കളില്ലാതെ കാർബൺ ഡയോക്സൈഡും ചൂടും ചുറ്റുപാടുകളിൽ നിന്നും നേരിയതായിട്ടെങ്കിലും ഉയർന്നുനിൽക്കില്ല.
എന്നാൽ, ഇന്നു് കാറും ബൈക്കും അടുപ്പുകുറ്റികളും മൂലം കൊതുകിനും അതിന്റെ റഡാർ പര്യവേക്ഷണം എളുപ്പമല്ല. എങ്കിലും കൊതുക്കളുടെ ഭാഗ്യം, അവയുടെ ജനസംഖ്യ നിലനിർത്താൻ നാമൊക്കെക്കൂടി വേണ്ടുവോളം അവസരമുണ്ടാക്കിക്കൊണ്ടിരിക്കുന്നുണ്ടു്.
വളരെ ചെറിയ ഒരു വിൻഡോ (35 മുതൽ 38 വരെ ഡിഗ്രി ഒക്കെപ്പോലെ, രണ്ടു താപനിലകൾക്കിടയിലുള്ള ഒരു ഇടുങ്ങിയ ബാൻഡിലുള്ള റേഡിയോ ട്യൂൺ ചെയ്താണു് കൊതുകുകൾ നമ്മെ വേട്ടയാടുന്നതു്. അതോടൊപ്പം, രണ്ടു ഗാഢതകൾക്കിടയിലുള്ള നേർത്ത ഒരു CO2 ബാൻഡിനുള്ളിൽ മണം കൊണ്ടു വിവേചിച്ചറിയാനുള്ള കഴിവും.
നമുക്കുതന്നെ, ഒരു ഗന്ധം തിരിച്ചറിയാനുള്ള നമ്മുടെ കഴിവിനെപ്പറ്റി യാതൊരു ബഹുമാനവുമില്ല. കോഴിമുട്ട ചീഞ്ഞ ഗന്ധം അറിയില്ലേ? ഹൈഡ്രജൻ സൾഫൈഡ് എന്ന വിഷവാതകമാണതു്. 0.01 ppm മുതൽ 1.5 ppm (അതായതു് വായുവിലെ പത്തുകോടി തന്മാത്രകളിൽ ഒരൊറ്റയെണ്ണം മുതൽ 150 എണ്ണം വരെ മാത്രം H2S തന്മാത്രകൾ കലർന്നാൽ അതു നമുക്കു മണത്തറിയാം!
അതു് അങ്ങനെ അറിയാനുള്ള കഴിവു തീർച്ചയായും നമുക്കു വേണം. ഏറ്റവും ആദികാലത്തു് ഓക്സിജീവന്റെ ആദ്യത്തെ തരികൾ ഈ ഭൂമിയിൽ ഉയിർക്കൊണ്ട നാൾ മുതൽ നമ്മുടെ പരമശത്രുവായിരുന്നു ഹൈഡ്രജൻ സൾഫൈഡ്.
പതിനായിരത്തിൽ ഒരു തന്മാത്ര വെച്ച് ആ വാതകം നമ്മുടെ ശ്വാസവായുവിൽ കലർന്നാൽ പിന്നെ മരണത്തിലേക്കു് അധികം ദൂരമില്ല.
വാസ്തവത്തിൽ, അത്രത്തോളമാവുമ്പോഴേക്കും ആ ദുർഗന്ധം മണത്തറിയാനുള്ള നമ്മുടെ കഴിവുതന്നെ നഷ്ടപ്പെടും.
പഴയ കിണറുകളിലും കാനകളിലും ഇറങ്ങുന്ന ആളുകൾ അത്തരമൊരു വിഷവാതകം അവിടെ ഉണ്ടെന്നുപോലും അറിയാറില്ല. കാരണം, അവരുടെ മൂക്കിലെ സെൻസർ അതിനകം ഓഫ് ആയിക്കഴിഞ്ഞിരിക്കും.
ഏറ്റവും നല്ല അത്തറുകളും പൂക്കളും വായുവിലേക്കു് എത്ര തന്മാത്രകളെ അയക്കുന്നുണ്ടാവും? വളരെക്കുറച്ചു്. നമ്മുടെ പുരപ്പുറത്തൊക്കെയുള്ള, 1000 ലിറ്റർ വെള്ളം കൊള്ളുന്നതരം പത്തു ടാങ്കുകളുണ്ടെങ്കിൽ അത്രയും വെള്ളത്തിൽ ഒരൊറ്റ മില്ലി എന്ന അനുപാതത്തിൽ!
എന്നിട്ടുപോലും, ആ ചെറിയ അനുപാതം പോലും നമ്മുടെ ഉള്ളിൽ മയങ്ങിക്കിടക്കുന്ന ഗണിതശാസ്ത്രജ്ഞനു് തിരിച്ചറിയാൻ പറ്റുന്നുണ്ടു്.
പരീക്ഷയ്ക്കു പഠിക്കാനുള്ളതിൽ ഒരൊറ്റ വാചകം കാണാപ്പാഠം പഠിച്ചെഴുതാനറിയില്ലെങ്കിലും വയലാറിന്റെ കാലം മുതലുള്ള ചലച്ചിത്രഗാനങ്ങൾ മുഴുവൻ ബൈഹാർട്ടാണു്. ആദ്യത്തെ ഒരു വരി, അല്ലെങ്കിൽ ഒരു കഷ്ണം പശ്ചാത്തലസംഗീതംകേട്ടാൽ മതി, ബാക്കി മുഴുവൻ പാട്ടും എവിടെനിന്നാണെന്നറിയില്ല, വായിൽ തനിയെ വന്നോളും.
അതാണു് കണ്ണിമാലകളോർത്തുവെക്കാനുള്ള നമ്മുടെ മിടുക്ക്!
സ്വന്തം കാലിൽ എണീറ്റുനിൽക്കാനും നടക്കാനും ഓടാനുമുള്ള ചാതുര്യമാണു് മനുഷ്യനെ മൃഗങ്ങളിൽ നിന്നു് വേറെ ഒരു ലെവൽ, അഥവാ ‘കമ്പ്ലീറ്റ് ആൿടർ‘ ആക്കുന്നതു്. കാലിന്നടിയിലെ കൊച്ചുകൊച്ചു തൊലികളിൽ തോന്നുന്ന മർദ്ദവ്യത്യാസം, ചെവിക്കുറ്റിയ്ക്കുള്ളിലുള്ള ഒരു ജോഡി സ്പിരിറ്റ് ലെവലുകൾ, ചക്രവാളത്തിന്റെ നേരിയ ചെരിവുപോലും കണ്ടറിയുന്ന കണ്ണുകൾ, ആ വ്യത്യാസങ്ങളെല്ലാം അളന്നറിഞ്ഞു് അവയ്ക്കെല്ലാമനുസരിച്ച് അപ്പപ്പോൾ കാൽമുട്ടുകളും ഇടുപ്പും നട്ടെല്ലും തോളും ഓരോ നിമിഷവും നിയന്ത്രിച്ചുകൊണ്ടാണു് നമ്മുടെ തലമണ്ട വല്യ ആളായി നെഞ്ചും വീശി നടക്കുന്നതു്.
കൊച്ചുകൊച്ചുവ്യത്യാസങ്ങളുടെ കണക്കപ്പിള്ളകൾ!
പറഞ്ഞുവരുന്നതെന്തെന്നാൽ,
നാം സ്കൂളിലും കോളേജിലും പഠിക്കുന്ന ഗണിതശാസ്ത്രത്തിലും ഇവ തന്നെയാണു് ഒളിഞ്ഞുകിടക്കുന്ന അടിസ്ഥാനതത്വങ്ങൾ. ഈ പ്രപഞ്ചം മുഴുവൻ സംഖ്യകളെക്കൊണ്ടാണു് സൃഷ്ടിച്ചിരിക്കുന്നതെന്നു് പൈത്തഗോറസ് തിരിച്ചറിഞ്ഞപ്പോളും കിരീടത്തിൽ ചെമ്പുണ്ടെന്നു് ആർക്കമെഡീസ് കണ്ടെത്തിയപ്പോഴും അവർ അറിഞ്ഞോ അറിയാതെയോ പറഞ്ഞതു് ഇതേ തത്വങ്ങളായിരുന്നു.
പക്ഷേ, മനുഷ്യമനസ്സിനു് യാതൊരുതരത്തിലും അന്യോന്യം ബന്ധപ്പെടുത്താൻ കഴിയാത്തവയാണു് ഇന്നു നാം പഠിക്കുന്ന തരത്തിലുള്ള ‘സ്വതന്ത്രമായ സംഖ്യകളുടെ ഓർമ്മ’.
സരിഗമയല്ല സംഗീതം, തൈതൈതകയല്ല നൃത്തം എന്നതുപോലെ, കുറേ അക്കങ്ങളും സൂത്രവാക്യങ്ങളുമല്ല. കണക്കു്.
പക്ഷേ, നാം കുട്ടികൾക്കുവേണ്ടി കണക്കും അക്ഷരമാലയും തുടങ്ങിവെക്കുന്നതുതന്നെ അത്തരം അക്കപ്പടങ്ങളുടെ മസാലക്കൂട്ടുകളിൽനിന്നാണു്.
അങ്ങനെയാണു് നാം നമുക്കുചുറ്റും തളിരിടുന്ന ഓരോ ഗണിതശാസ്ത്രജ്ഞരേയും മുളയിലേ നുള്ളിക്കളയുന്നതു്.
അങ്ങനെയാണു് നാം അവരെ കണക്കിനെ വെറുക്കാൻ പഠിപ്പിക്കുന്നതു്!