നമ്മുടെ ത്വക്കിൽ പത്ത് മാതൃകോശങ്ങൾക്ക് ഒന്ന് എന്ന തോതിലാണ് മെലാനിൻ കോശങ്ങൾ പുറം ചർമപാളിയിലിരിക്കുന്നത്. എന്നാൽ സാഹചര്യങ്ങൾക്കനുസരിച്ച് മെലാനിന്റെ ഉൽപാദനത്തിലും വിതരണത്തിലും വ്യത്യാസം വരുത്തുമിവ. അതായത് കൂടുതൽ വെയിലടിക്കുന്ന പ്രദേശത്ത് താമസിക്കുന്നവരിൽ മെലാനിൻ ഉൽപാദനം കൂടുകയും ചുറ്റുമുള്ള കോശങ്ങൾക്ക് നന്നായി വിതരണം ചെയ്യുകയും ചെയ്യും.കൂടുതൽ വെയിൽ കൊള്ളും തോറും ത്വക്കിന്റെ പുറം പാളിയുടെ കനം കൂടുന്നതോടൊപ്പം മെലാനിൻ കോശങ്ങളുടെ എണ്ണവും കൂടും. വെളുപ്പ് ക്രമേണ കറുപ്പാകുവയും ചെയ്യും.കറുത്ത ഒരാളുടെ കൈവെള്ളയിൽ നിന്ന് അല്പം വെളുത്ത പുറം പാളിയെടുത്ത് മുഖത്തെ അകംപാളിയിൽ തുന്നിചേർത്താൽ വെളുത്ത നിറം വരുന്നതിനു പകരം ചുറ്റുപാടുമായി ചേരുന്ന നിറത്തോടെയായിരിക്കും വളർന്നു വരിക.സ്വന്തമായി രക്തക്കുഴലുകളില്ലാത്ത പുറംപാളിക്ക് സംരക്ഷണമൊരുക്കാനും ഭക്ഷണം നൽകാനും അതാത് ശരീരഭാഗങ്ങൾക്ക് ചേരുംവിധം അണിയിച്ചൊരുക്കുന്നതിനുമായി ഡെർമിസ് അകം പാളിയുണ്ട്.ഇതു തന്നെയാണ് ത്വക്കിന് വലിവുറപ്പും ഇലാസ്തികതയും നൽകുന്നത്.കോശങ്ങളെ ചേർത്തു നിർത്തുന്ന മാട്രിക്സ് കൊണ്ടാണ് ഇത് നിർമിച്ചിരിക്കുന്നത്. കൊളാജൻ നാരുകൾ വലിവുറപ്പിനും ഇലാസ്റ്റിൻ നാരുകൾ ഇലാസ്തികതയും പ്രോട്ടിയോഗ്ലൈക്കാൻ തന്മാത്രകൾ ഈർപ്പത്തെ പിടിച്ചു നിർത്തുകയും ചെയ്യും.
ഈ പോസ്റ്റ്, ലേഖകന്റെ അനുവാദം കൂടാതെ യൂട്യൂബ് വീഡിയോകൾക്കായി ഉപയോഗിക്കാൻ പാടില്ല.