ഇന്ന് നവംബർ 3,
ലെയ്ക ഒരോർമ ഭാഗം 1
മോസ്കോയിലെ തെരുവ് വീഥികളിൽ അലഞ്ഞു നടന്ന അനാഥയായിരുന്നു അവൾ.റഷ്യയിലെ പ്രശസ്തമായ ഗവേഷണ സ്ഥാപനം 9 പേരെ തെരുവിൽ നിന്നും ദത്തെടുത്തിരുന്നു അതിലൊരാളായിരുന്നു ലെയ്ക.മിടുക്കിയായിരുന്നു ,ആ മിടുക്ക് തന്നെയാണ് അവളെ മരണത്തിലേക്ക് നയിക്കാൻ ശാസ്ത്രജ്ഞരെ പ്രേരിപ്പിച്ചതും.ഏതാനും ദിവസത്തെ പരിശീലനത്തിനൊടുവിൽ അവർ അവളെ ലോകത്തിലെ ഒരു ജീവിക്കും എത്തിചേരാൻ പറ്റാത്ത ഉയരത്തിൽ എത്തിച്ചു.അന്നുവരെ ഭൂമിയിലിരുന്ന് മനുഷ്യൻ കണ്ടതിനെയൊക്കെ ബഹുദൂരം പിന്നിലാക്കിയ ആ സഞ്ചാരിയുടെ പേരാണ് ലെയ്ക എന്ന പട്ടി കുട്ടി.ബഹിരാകാശതെത്തുന്ന ഭൂമിയിലെ ആദ്യ ജീവിയാണ് ലെയ്ക.റഷ്യൻ ഭാഷയിൽ കുരയ്ക്കുന്ന എന്നർത്ഥമാണ് ലെയ്ക എന്ന പേര്.ബഹിരാകാശ രംഗത്തെ വൻ ശക്തിയായി സോവിയറ്റ് യൂണിയൻ കുതിച്ചു കൊണ്ടിരിക്കുന്ന കാലം.എന്തു വില കൊടുത്തും ബഹിരാകാശത്ത് ആളെ അയക്കാൻ അവർ തീരുമാനിച്ചു.അതിനു മുന്നോടിയായാണ് നായയെ അയക്കാനുള്ള ശ്രമങ്ങൾ തുടർന്നത്.ഓസോൺ പാളിയുടെ സംരക്ഷണമില്ലാത്ത അവസ്ഥ,ഭാരമില്ലായ്മ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ,ബഹിരാകാശ ജീവിതം ജീവികളുടെ മാനസിക നിലയിലുണ്ടാക്കുന്ന അവസ്ഥ എന്നിങ്ങനെ പലതും.ബഹിരാകാശ വേഷം ഇടുവിച്ച് മർദ്ദം ക്രമീകരിച്ച പേടകത്തിലിരുത്തി പല പട്ടികളേയും പരീക്ഷിച്ചു.ആൽബിന, സൈഗാങ്ക എന്നീ പട്ടികളെ 85 കിലോമീറ്ററോളം ഉയരത്തിൽ പറത്തി സുരക്ഷിതമായി ലാൻഡ് ചെയ്യിച്ചു.അവസാന പറക്കലിനായി തെരഞ്ഞെടുത്തത് ലെയ്കയെ ആയിരുന്നു.ഒടുവിൽ ആ ദിവസം വന്നെത്തി 1957 നവംബർ 3.ലോകത്തിലെ ആദ്യത്തെ ക്രിത്രിമ ഉപഗ്രഹമായ സ്പുട്നിക് – 1 ന്റെ വിക്ഷേപണത്തിനു ശേഷം ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ സുവർണ മുഹൂർത്തത്തിന് തുടക്കമായി.ആറൽ കടലിനു വടക്കുള്ള ബൈകോനൂർ കോസ്മോഡ്രോമിൽ ഒരു കൂറ്റൻ റോക്കറ്റ് മുഖം കൂർപ്പിച്ചു നിന്നു. അണിയറയിൽ ലെയ്കയുടെ യാത്രക്കുള്ള അവസാനവട്ട ഒരുക്കങ്ങൾ നടക്കുകയായിരുന്നു.
ലെയ്കയെ കുളിപ്പിച്ച് രോമങ്ങൾ ഭംഗിയായി ചീകിയൊതുക്കി.ശ്രദ്ധാപൂർവ്വം അവളുടെ ശരീരത്തിൽ പലയിടത്തും ഇലക്ട്രോഡുകൾ ഘടിപ്പിച്ചു.ലോകത്തിലെ രണ്ടാമത്തെ ക്രിത്രിമ ഉപഗ്രഹമായ സ്പുട്നിക് – 2 ലാണ് ലെയ്കയുടെ പേടകം ഒരുക്കിയിരുന്നത്.അല്പം വലിയൊരു കിളി കൂട്പോലെ തോന്നിച്ച ഒരു പേടകം.അതിന്റെ ഭിത്തികളിൽ പതുപതുത്ത പാഡുകൾ ഘടിപ്പിച്ചിരുന്നു.അവളുടെ ജീവൻ നിലനിർത്തുന്നതിനുള്ള ഉപകരണങ്ങൾ ചുറ്റിലും ഉണ്ടായിരുന്നു.പ്രത്യേകമായി രൂപകൽപ്പന ചെയ്ത പുറംചട്ടയണിഞ്ഞ് ലെയ്കയെ പേടകത്തിലിരുത്തി.അവൾക്കുള്ള ഭക്ഷണവും വെള്ളവും അതിൽ കരുതിയിരുന്നു.
ബഹിരാകാശ യാത്രയിൽ ” രക്ഷപ്പെടൽ ” എന്ന വാക്ക് അക്കാലത്ത് ഇല്ലായിരുന്നു.അതറിഞ്ഞുതന്നെയാണ് ജീവൻ നിലനിർത്തുന്നതിനുള്ള താല്കാലിക ഉപകരണങ്ങളുമായി ശാസ്ത്രലോകം ലെയ്കയെ യാത്രയയച്ചതും.
കൗണ്ട് ഡൗൺ ആരംഭിച്ചു.അവളറിഞ്ഞില്ല എണ്ണപ്പെടുന്നത് സ്വന്തം ജീവിത നിമിഷങ്ങൾ കൂടിയാണെന്ന്.സ്പുട്നിക് 2 നേയും അതിലെ യാത്രക്കാരിയേയും വഹിച്ച് കൊണ്ട് റോക്കറ്റ് ആകാശത്തേക്കുയർന്നു.ലെയ്കയുടെ ശരീരത്തിലുള്ള ഇലക്ട്രോഡുകൾ ഹൃദയമിടിപ്പും,രക്തസമ്മർദ്ദവും കൃത്യമായി ഭൂമിയിലേക്കയച്ചു കൊണ്ടിരുന്നു.സ്പുട്നിക് 2 ഭ്രമണപഥത്തിൽ എത്തുന്നതു വരെയും അതു തുടർന്നു.ആരും വിളിപ്പുറത്തില്ലാത്ത ആ വിചിത്രലോകത്തിൽ ലെയ്ക എത്ര ദിവസം ജീവിച്ചു??? തുടരും….