അപ്രതീക്ഷിതമായി പടക്കം പൊട്ടുന്നത് കേട്ടാൽ നമ്മളൊന്ന് ഞെട്ടും.പടക്കം മാത്രമല്ല വലിയ ശബ്ദങ്ങൾ ഏതുമായാലും ഇതുതന്നെ അവസ്ഥ.
ചെവിയുടെ നാഡിയെന്നത് തലച്ചോറിൽ നിന്നുള്ള എട്ടാമത്തെ ശിരോനാഡിയാണ്. ഇരട്ട ഇന്ദ്രിയമായ ചെവിയിലേക്കുള്ള ഇരട്ടനാഡിയാണിത്.അതായത് ശ്രവണ + തുലനനാഡി
തുലനാഡിയിൽ ഏകദേശം 20000 നാഡിതന്തുക്കളും, ശ്രവണനാഡിയിൽ ഏകദേശം 23500 തന്തുക്കളുമുണ്ട്.ശ്രവണനാഡി തന്തുക്കൾ ഉൾചെവിയിൽ നിന്നും മെഡുല്ല ഒബ്ളാംഗേറ്റയിലേക്കാണ് പോകുന്നതെങ്കിലും അന്തിമമായി വിവരങ്ങളെത്തിക്കുന്നത് തലച്ചോറിലെ കേൾവിയുടെ കേന്ദ്രമായ ഓഡിറ്ററി കോർട്ടെക്സിലേക്കാണ്. മസ്തിഷ്കാർധഗോളങ്ങളുടെ വശങ്ങളിൽ താഴെ ഇടത് വലത് ടെംപോറൽ ലോബുകളിലാണിവയുള്ളത്.ഒരു വശത്തെ ചെവിയിൽ നിന്ന് രണ്ട് വശത്തുള്ള കേന്ദ്രങ്ങളിലേക്കും വിവരങ്ങളെത്തും.മറുവശത്തേക്ക് അല്പം കൂടുതലാണെത്തുക. അതുകൊണ്ട് ഒരു ചെവിയുടെ കേൾവിശക്തി ഇല്ലാതായാലും കാര്യമായ കുറവൊന്നും തോന്നുകയില്ല.എന്നാൽ കേട്ട ശബ്ദത്തെ വിശകലനം ചെയ്യുന്ന ചില ഭാഗങ്ങൾ (auditory association area) ഒരു ഭാഗം മാത്രം നശിച്ചാലും എന്ത് ശബ്ദമാണെന്നും എവിടെ നിന്നാണെന്നും അറിയാൻ കഴിയാതാവും.ശ്രവണനാഡീപാതയിൽ നിന്നും ചില തന്തുക്കൾ തലച്ചോറിലെ ഉണർത്തുകേന്ദ്രമായ റെട്ടിക്കുലാർ ആക്റ്റിവേറ്റിംങ്ങ് സിസ്റ്റത്തിലേക്കും പോകുന്നുണ്ട്.ശബ്ദത്തിന് നമ്മെ ഉണർവാക്കുന്നത് അതുകൊണ്ടാണ്.സെറിബെല്ലത്തിലേക്ക് വഴിമാറിവരുന്ന തന്തുക്കളാണ് വലിയ ശബ്ദമുണ്ടാകുമ്പോൾ നമ്മുടെ ഉടലും കൈകാലുമൊക്കെ ഞെട്ടിത്തെറിപ്പിക്കുന്നത്.
ഈ പോസ്റ്റ്, ലേഖകന്റെ അനുവാദം കൂടാതെ യൂട്യൂബ് വീഡിയോകൾക്കായി ഉപയോഗിക്കാൻ പാടില്ല.