വൃദ്ധൻ പറഞ്ഞ കഥ
സമുദ്രനിരപ്പിൽ നിന്നും ഒമ്പതിനായിരം അടി ഉയരെ ആഴമേറിയ ഒരു തടാകം. പുരാതനമായ ഒരു അഗ്നിപര്വതത്തിന്റെ നെറുകയിൽ ആണത് സ്ഥിതി ചെയ്യുന്നത് ഗോത്രവർഗ്ഗക്കാരുടെ ഒരാഘോഷം നടക്കുകയാണവിടെ അന്നേ ദിവസം വിവിധ ദേശങ്ങളിൽ നിന്നും നൂറുകണക്കിന് ഗോത്രവർഗക്കാർ പ്രസ്തുത ആഘോഷത്തിൽ തങ്ങളുടെ ഭാഗഭാഗിത്യം അറിയിക്കുവാൻ അവിടെ വന്നു ചേർന്നിട്ടുണ്ട് രാക്ഷസതാളങ്ങളാൽ അവിടമാകെ ശബ്ദമുഖരിതമായി. നൃത്തവാദ്യഘോഷങ്ങൾ അതാ പൊടുന്നനെ നിലയ്ക്കുന്നു അവരുടെ രാജാവ് ആഗതനാവുകയാണ് പ്രധാന പീഠത്തിലേക്കു നയിക്കപ്പെട്ട മന്നനെ പൂർണ നഗ്നനാക്കി ശരീരമാസകലം കളിമണ്ണ് പൂശിയതിന് ശേഷം അവർ അദ്ദേഹത്തിന്റെ ഉടലാസകലം തങ്കപ്പൊടി തൂകി.സ്പാനിഷ് ചരിത്രകാരൻ ആയ യുവാൻ റോഡ്രിഗ്റൂസ് ഫ്രയിൽ തന്റെ 1636ൽ പ്രകാശിതമായ പുസ്തകത്തിൽ തുടർന്നിങ്ങനെ പറയുന്നു.
” അതെ അവർ അക്ഷരാർത്ഥത്തിൽ രാജാവിനെ ഒരു സ്വർണ മനുഷ്യനാക്കി”
തുടർന്നവർ രാജാവിനെ പർവതമുകളിൽ ഉള്ളതടാകമധ്യത്തിലേക്ക് അലങ്കരിച്ച ചങ്ങാടത്തിൽ ആനയിച്ചു ഇതിനോടകം ഗോത്ര വർഗക്കാർ കൊണ്ട് വന്ന് കാണിക്കയായ് സമർപ്പിച്ച കൂന പോലെയുയർന്നു കിടക്കുന്ന സ്വർണവും രത്നങ്ങളും മറ്റു ചങ്ങാടത്തിൽ കയറ്റി തടാകമധ്യത്തിലേക്ക് തള്ളിവിട്ടു. പ്രാർത്ഥനാമന്ത്രങ്ങൾക്കിടയിലൂടെ ചങ്ങാടം നദീമധ്യേ എത്തിയപ്പോൾ ഉച്ചസ്ഥായിലെത്തിയ വാദ്യഘോഷങ്ങൾ സാക്ഷിയാക്കി രാജാവ് ജലസ്നാനത്തിനായ് മുതലക്കൂപ്പു കുത്തി .പർവ്വതങ്ങളെ പ്രകമ്പനം കൊള്ളിച്ച വാദ്യങ്ങൾ അൽപ്പനേരം നിശബ്ദമായ്.അതാ രാജാവ് വരുകയാണ് ശരീരത്തിൽ പിടിച്ച അഴുക്കിനൊപ്പം സ്വർണധൂളികളും കണക്കറ്റ നിധിയും തടാകത്തിലർപ്പിച്ച്….
സത്യത്തിൽ ഇതെഴുതിയ ആ ഗ്രന്ഥകാരൻ ഗോത്രവർഗ്ഗക്കാരുടെ ചടങ്ങുകൾ നേരിൽ കണ്ടിരുന്നില്ല.കേട്ടറിവുകൾ കൈമുതലാക്കിയുള്ള ഒരു രചന ആയിരുന്നത്. എവിടെ നിന്നും ആണ് ഈ കഥയുടെ ഉത്ഭവം?.അതറിയണമെങ്കിൽ നാം ഒരു നൂറ്റാണ്ടു പിന്നിലേക്ക് വീണ്ടും സഞ്ചരിക്കേണ്ടിയിരിക്കുന്നു .A D 1521 കാലങ്ങളിൽ പുതിയ പുതിയ ഭൂ പ്രദേശങ്ങൾ തേടിയുള്ള യാത്രകളിൽ പലരും വിജയം കണ്ടിരുന്നു.അവർ തിരികെയെത്തിപ്പറഞ്ഞ കഥകളാകട്ടെ സാഹസികരുടെ ഉറക്കം കെടുത്തുന്നവയുമായിരുന്നു.പെറുവിലെ ഇൻകാകളെ അതിസാഹസികമായ് കീഴടക്കിയ പിസാറോയും മെക്സിക്കോയിലെ ആസ്റ്റെക്കുകളെ തൂത്തെറിഞ്ഞ ഹെർണാൻ ക്രോട്ടസും ഇതിഹാസങ്ങളായ് നിറഞ്ഞു നിന്ന കാലം ആയിരുന്നത്.കൊള്ളയടിയിലൂടെ കരഗതമാകുന്ന അളവറ്റ സമ്പത്ത് പുതിയ അനുഭവങ്ങൾ, അറിയാത്ത ദേശങ്ങൾ ,പേരും പെരുമയും ,ഇവയഭിലഷിക്കുന്ന യുവാക്കൾക്ക് സാഹസിക യാത്രകൾ തന്നെയായിരുന്നു അക്കാലത്ത് ഏറ്റവും ഉത്തമ മാർഗം.
അങ്ങനെയാണ് ഏകദേശം തൊള്ളായിരം പേരടങ്ങുന്ന യുറോപ്യൻസും അവരുടെ സഹായികളായ് അത്ര തന്നെയടുത്തു വരുന്ന തദ്ദേശവാസികളുടെ മറ്റൊരു സംഘവുമായി കർക്കശ സ്വഭാവക്കാരൻ എന്ന് പേര് കേട്ടിരുന്ന പ്രവിശ്യാ ഗവർണർ ഗോൺസാലോ ജിമെനിസ് ദെ ക്വിസ്വാദ 1536 ൽ കൊളംബിയയുടെ വടക്കു പടിഞ്ഞാറൻ തീരത്തു സ്ഥിതി ചെയ്യുന്ന സാന്താമാർട്ട തുറമുഖത്തു നിന്നും പുറപ്പെടുന്നത്. മഗ്ദലന നദിയുടെ ഉറവിടത്തിൽ നിന്നും ആൻഡീസ് പർവ്വതത്തിനപ്പുറെ കൂടി പെറുവിലേക്കുള്ള പുതിയൊരു യാത്രാമാർഗം കണ്ടെത്തുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം.ആ ലക്ഷ്യം വെച്ചുള്ള യാത്ര അവർക്കു നൽകിയ കഷ്ടപ്പാടുകളും നഷ്ടങ്ങളും ചില്ലറയായിരുന്നില്ല.കോട്ട പോലെ തടസ്സം സൃഷ്ടിച്ച് നിൽക്കുന്ന കടുപ്പമേറിയ വന്മരങ്ങളും, കാലൊന്നു വെച്ചാൽ തിരികെ കയറി വരാനാകാത്ത പോലെ താഴ്ന്നു പോകുന്ന ചതിയൻ ചതുപ്പു നിലങ്ങളും ,വന്യമൃഗങ്ങളും ,ഒളിഞ്ഞിരുന്നു വിഷം തേച്ച അമ്പു കൊണ്ടാളേ പരലോകത്തെത്തിക്കുന്ന കാടന്മാരും ചേർന്നവരുടെ യാത്ര ദുഷ്ക്കരമാക്കി. കൂടാതെ പനിയും പട്ടിണിയും രോഗവും മൂലമുള്ള മരണം വേറെയും ഭക്ഷണദൈർലഭ്യം മൂലം സംഘാംഗങ്ങൾ കൈയ്യിൽ കിട്ടിയ അരണയെയും ഓന്തിനെയും വരെ പിടിച്ചു തിന്നുതുടങ്ങി .ഇനി മുൻപോട്ടു പോകുവാൻ വയ്യ എന്ന ഘട്ടത്തിൽ പര്യഗവേഷണം അവസാനിപ്പിച്ച് തിരികെപ്പോയാലോ എന്ന തീരുമാനത്തിൽ അവരെത്തിയപ്പോൾ സംഘത്തിലെ അംഗസംഖ്യ ഇരുന്നൂറിൽ താഴെയെത്തി എന്ന് ചിന്തിക്കുമ്പോൾ തന്നെ അവരനുഭവിച്ച യാതനകൾ ഊഹിക്കാമല്ലോ .ഭഗ്നാശരായ ആ യാത്രികർ തിരികെപ്പോകുന്ന സമയത്താണ് യാദൃച്ഛികമായി കണ്ടിനമാർക്കാ പീഠഭൂമിയിൽ നോക്കെത്താ ദൂരത്തോളം നീണ്ട് പരന്നു കിടക്കുന്ന ചോളവയലുകൾ കണ്ടത് അതെ സമ്പൽസമൃദ്ധമായ ഒരു ദേശം ആണ് തങ്ങൾക്കു മുമ്പിൽ കിടക്കുന്നതെന്നവർക്കു ബോധ്യമായ് ചിബ് ജാ ഗോത്രവംശജരുടെ ഭൂമിയായിരുന്നു അത്.പൊടുന്നനെ മുമ്പിൽ പ്രത്യക്ഷപ്പെട്ട അപരിചിതരെയും അവരുടെ വേഷവിധാനങ്ങളെയും കുതിരകളെയും കണ്ട ഗ്രാമീണർ ഭയന്നോടിപ്പോയ്.ഒരു ചെറുത്തുനിൽപ്പ് പോലും അവരിൽ നിന്നും ഉണ്ടായില്ല.മറ്റുചിലർ ആകട്ടെ ആകാശത്ത് നിന്നും ദേവന്മാർ തങ്ങളെ സന്ദർശിക്കാൻ വന്നതാണെന്ന് ധരിച്ച് ഭക്ത്യാദരപൂർവ്വം ആഗതരെ വരവേൽക്കുകയും ചെയ്തു.
ആതിഥേയരുടെ സൽക്കാരം കൊണ്ട് ക്ഷീണമകറ്റി ഗ്രാമവീഥികളിലൂടെ യൂറോപ്യൻമാർ ദേശക്കാഴ്ചയ്ക്കു നടന്നപ്പോൾ ആണ് അദ്ഭുതകരമായ ആ കാഴ്ചകൾ കണ്ടത്.അതാകട്ടെ സാധുക്കളായ ആ ഗ്രാമീണരുടെ കാലങ്ങളായുള്ള സമാധാനത്തെ ഭഞ്ജിക്കുവാൻ പര്യാപ്തവും ആയിരുന്നു.അതെ വീടുകളുടെ ഓരോ പൂമുഖവും തങ്കപ്പട്ടകളാൽ മിന്നലൊളി തൂകി കടന്നേറ്റക്കാരെ മോഹിപ്പിച്ചു സ്വർണം സുലഭമായ് അവിടെങ്ങും കാണപ്പെട്ടു.വിദേശികൾക്ക് മഞ്ഞലോഹത്തിന്മേലുള്ള ആകർഷണം മനസിലാക്കിയ ഗോത്രജർ അവർക്കെല്ലാം സ്വർണത്തിന്റെ ഓരോ തുണ്ട് ഉപഹാരമായി നൽകി. പക്ഷെ ദൂര മൂത്ത യൂറോപ്യൻമാരെ ത്യപ്തരാക്കുവാൻ അതൊന്നും മതിയാകുമായിരുന്നില്ല അഭയം തന്ന ഗ്രാമത്തെയവർ കൊള്ളയടിച്ചു.അവരുടെ ദൈവാലയങ്ങളിൽ അലങ്കാരത്തിന് ഉപയോഗിച്ചവയും സ്ത്രീകൾ അണിഞ്ഞിരുന്നവയുമടക്കം വിദേശികൾ കൈവശപ്പെടുത്തി .ചെറുത്തു നിൽക്കുവാൻ ചിബ് ജാകൾ ശ്രമം നടത്തിയെങ്കിലും മെച്ചപ്പെട്ട ആയുധം കൈവശമുള്ള നവാഗതരെ നേരിടുവാൻ അതൊന്നും പര്യാപ്തമായിരുന്നില്ല.ഒരു മാസത്തിനുള്ളിൽ അവർ ഗ്രാമം പൂർണമായും കീഴ്പ്പെടുത്തി.
.ചിബ് ജാകൾക്കു ഇതിനു മാത്രം സ്വർണം എവിടെ നിന്നും ലഭിക്കുന്നു എന്നറിയാനായ് അവരുടെ അടുത്ത ശ്രമം.കൊടുക്കൽ വാങ്ങലുകൾക്കു ബാർട്ടർ സമ്പ്രദായം ആയിരുന്നു ഗോത്രവർഗ്ഗക്കാരുടെയിടയിൽ പ്രചാരത്തിലുണ്ടായിരുന്നത്.തങ്ങളുടെ കാർഷിക സമൃദ്ധിയിൽ അധികമായ വരുന്ന ഭക്ഷ്യോൽപ്പന്നങ്ങളും ,കൂടാതെ അവിടെ സമൃദ്ധമായ കാണപ്പെട്ട പവിഴവും മറ്റു ഗോത്രക്കാർക്ക് നൽകി അവരുടെ പക്കൽ നിന്നും സ്വർണം വാങ്ങി അലങ്കരിക്കുകയായിരുന്നു അവരുടെ പതിവ്.അനവധി നാളുകളിലെ ഭേദ്യം ചെയ്യലിന് ശേഷമാണ് സ്വർണം വരുന്ന വഴികൾ അവർക്കു വെളിപ്പെട്ടു കിട്ടിയത്.പീഠനം സഹിക്കാൻ ആകാതെ ഒരു ചിബ് ജാ വൃദ്ധൻ അവരോടൊരു കഥ പറഞ്ഞു.ആ കഥയാണ് നാം ആരംഭത്തിൽ കേട്ട .കഥ.പിൽക്കാലത്ത് വാമൊഴികൾ മൂലം പകർന്നു വന്നയാ അറിവാണ് ചരിത്രകാരൻ ആയ യുവാൻ റോഡ്രിഗ്റൂസ് ഫ്രയിൽ തന്റെ പുസ്തകത്തിൽ എഴുതിയത്. അജ്ഞാതനായ ഒരു രാജാവും അദ്ദേഹത്തിൻ്റെ പ്രജകളും ആണ്ടിലൊരിക്കൽ തങ്ങളുടെ സമ്പത്തിന്റെ ഒരു ഭാഗം നദിയിൽ അർപ്പിക്കാറുണ്ടെന്നും ഇത് നൂറ്റാണ്ടുകളായി തുടർന്ന് വരുന്ന ആചാരവും ആണെന്ന് വൃദ്ധനിൽ നിന്നുമറിഞ്ഞ ജിമെനിസിന് തൻ്റെ ഉറക്കം നഷ്ടമായി.സമ്പന്നതയുടെ മൂർത്തരൂപമായ് സ്വർണധൂളികളിൽ മുങ്ങിക്കുളിച്ച് നിൽക്കുന്ന ആ രാജാവിനെ ഭാവനയിൽ കണ്ടു എൽ ഡോറാഡോ അധവാ സ്വർണമനുഷ്യൻ എന്നവർ വിളിച്ചു.ഈ കഥയിലെ സത്യം എന്തുമാകാംചിലപ്പോൾ അങ്ങനൊരു രാജാവും പ്രജകളും ഉണ്ടായിരുന്നിരിക്കാം.അല്ലെങ്കിൽ ആക്രമകാരികളെ നാട്ടിൽ നിന്നും ഓടിക്കാൻ വൃദ്ധൻ മെനഞ്ഞെടുത്ത സങ്കല്പവുമാകാം.എന്തായാലും യൂറോപ്പിൽ ഈ കഥയ്ക്ക് വലിയ സ്വീകാര്യത തന്നെ കിട്ടി,സ്വർണമനുഷ്യനെ തേടിപ്പോകും മുൻപ് ജിമിനിസിനു മറ്റൊരു കാര്യം അത്യാവശ്യമായ് ചെയ്തു തീർക്കേണ്ടതുണ്ട്.തിരികെ സ്വദേശത്ത് മടങ്ങിയെത്തി താൻ കീഴടക്കിയ ദേശത്തിന്റെ ഗവർണർ സ്ഥാനം അധികാരികളിൽ നിന്നും വാങ്ങേണ്ടതുണ്ട് ചിബ് ജാകളുടെ പാരമ്പര്യ ഭൂമിക്കു അധിനിവേശക്കാർ പുതിയ ഒരു പേരുമിട്ടു
”.ന്യൂഗ്രനാഡ ”
പക്ഷെ അതത്ര എളുപ്പമായിരുന്നില്ല ഇതിനോടകം വേറൊരു വാർത്ത അവരുടെ കാതുകളിലെത്തി വടക്കു കിഴക്കു നിന്നുമായി യൂറോപ്യന്മാരുടെ മറ്റൊരു പര്യവേക്ഷണസംഘം താൻ കണ്ടെത്തിയ ദേശം ലക്ഷ്യമാക്കി വരുന്നു എന്ന വാർത്തയായിരുന്നത്ഏകദേശം 170 പേരോളം ഉള്ള ആ സംഘത്തെ നയിച്ചിരുന്നത് ജർമൻകാരനായ നിക്കോളാസ് ഫെഡർമാൻ ആയിരുന്നു.കഴിഞ്ഞ രണ്ടു വർഷമായിട്ട് കണ്ടിനമാർക്കാ പീഠഭൂമിയിലൂടെ ഒരു പാത കണ്ടെത്താനുള്ള അലച്ചിലിൽ ആയിരുന്നു അദ്ദേഹം.ഭക്ഷണമില്ലാതെയും രോഗബാധയാലും നട്ടം തിരിഞ് വന്ന നിക്കോളാസിനെയും കൂട്ടരെയും സൗഹൃദപൂർവ്വം തന്നെ ജിമെനിസ് സ്വാഗതം ചെയ്തു.വരുവാൻ പോകുന്ന നിധിവേട്ടയിൽ പുതിയ സംഘാംഗങ്ങൾ തനിക്കു ഉപകരിക്കും എന്ന ദീർഘവീക്ഷണം ആയിരുന്നതിനു പിന്നിൽ.അവിടം കൊണ്ടും കഥ തീർന്നില്ല സമാനമായ മറ്റൊരു പര്യവേക്ഷണ സംഘം കൂടി തെക്കു പടിഞ്ഞാറ് നിന്ന്’ സെബാസ്റ്യൻ ദെ ബെലെൽ കേസറുടെ ‘നേതൃത്തത്തിൽ തങ്ങൾക്കരുകിലേക്കു വരുന്നുണ്ടെന്നവർക്കു മറ്റൊരു അറിവ് കിട്ടി.300 പന്നികളുമായ് വന്ന സെബാസ്റ്യൻ അവർക്കു അഭിമതനായതിൽ അതിശയമില്ലല്ലോ.അങ്ങനെ മൂന്ന് സംഘവും എൽഡറാഡോ എന്ന സ്വർണമനുഷ്യനെ കീഴ്പ്പെടുത്തുക എന്ന ലക്ഷ്യത്തിനായി ഒത്തുകൂടി.
രസകരമായ വസ്തുത എന്താണെന്നാൽ ഈ മൂന്ന് സംഘവും പരസ്പരം കണ്ട് മുട്ടിയപ്പോൾ ഓരോ സംഘത്തിലും കൃത്യം 166 പേർ വീതം ഉണ്ടായിരുന്നു എന്നുള്ളതാണ്.
എൽഡറാഡോ ആരാദ്യം ആക്രമിക്കും?. ആർക്കായിരിക്കും ആക്രമിച്ച ദേശത്തിന്മേൽ ഉള്ള അവകാശം? .എന്നതിനെപ്പറ്റി അവരുടെയിടെയിൽ ഒരു തർക്കം ക്രമേണെ ഉടലെടുത്തു.രാജാവിനെ സമീപിച്ച് തർക്കത്തിന് പരിഹാരം കാണുവാൻ മൂന്നു സംഘവും ഒരേ സമയം തന്നെ സ്പെയിൻ ലക്ഷ്യമാക്കി അങ്ങനെ പുറപ്പെട്ടു.പക്ഷെ പിന്നീടൊരിക്കലും അവരാരും എൽഡോറാഡോ തേടി തിരികെ വന്നില്ല.
തൻ്റെ കൂലിപ്പടയ്ക്കു നേരിട്ട ഒരു പരാജയത്തിൽ നഷ്ടമായ അഭിമാനം വീണ്ടെടുക്കാൻ വളരെയേറെ പോരാടേണ്ടി വന്ന നിക്കോളാസ് ഫെഡർമാൻ സ്വർണമനുഷ്യനെത്തേടുകയെന്ന സ്വപ്നം അവശേഷിപ്പിച്ച് ആരോരുമറിയാതെ മരിച്ചു.ബെലാർ കേസർ ആകട്ടെ താൻ മുൻപ് കീഴടക്കിയ ഒരു ചെറിയ ദേശത്തിന്റെ ഗവർണർ സ്ഥാനം വഹിച്ച് ഔദ്യോഗിക രംഗത്ത് നിന്നും അപമാനിതനായി വാർദ്ധക്യത്തിൽ മരിച്ചു.സ്വർണമനുഷ്യന്റെ നാട് സഫലമാകാത്ത മോഹങ്ങളിൽ ഒന്നായ് അവശേഷിപ്പിച്ച് കൊണ്ട് 80 വയസിൽ ജിമെനിസും ജീവിതത്തിൽ നിന്നും വിട വാങ്ങി.സ്വപ്നം കാണുവാൻ ഇവർ യൂറോപ്പിനെ പഠിപ്പിച്ചു എന്ന് വിശേഷിപ്പിക്കുന്നതിൽ ഒട്ടും അതിശയോക്തി വിചാരിക്കരുത്.ഇവരുയർത്തിയ എൽഡോറാഡോ എന്ന ആശയം നൂറ്റാണ്ടുകൾ ആണ് സാഹസികർക്കു പ്രചോദനം നൽകിയത്.
സ്പാനിഷ് രാജാവിന് മുമ്പിൽ തങ്ങളുടെ അവകാശ വാദങ്ങൾക്കായ് ഇവർ വാദിച്ച് കൊണ്ടിരുന്ന സന്തർഭങ്ങളിൽ സ്വർണമനുഷ്യനായുള്ള അന്വേഷണം മുറയ്ക്ക് നടക്കുന്നുണ്ടായിരുന്നു.ജിമിനിസിനോട് ചേർന്ന് ചിബ് ജാ ഗോത്രജരെ നേരിട്ട സംഘത്തിലെ ഒരു പോരാളിയുടെ സഹോദരൻ ആയിരുന്ന ഹെർനൻ പെരസ് ദെ ക്വിസ്സാദ ആയിരുന്നു പുതിയ അന്വേഷകരിലെ പ്രധാനി. അളവില്ലാത്ത നിധി കിടക്കുന്നത് ഗ്വാട്ടാവിറ്റ തടാകത്തിൽ ആണെന്നവർ സൂചനകളെ അടിസ്ഥാനമാക്കി നിർണയിച്ചു .1540 വളരെയധികം ആളുകളേ കൂട്ടി തടാകത്തിലെ ജലം കോരിവറ്റിക്കാൻ ഉള്ള ശ്രമത്തിനായാൾ തുടക്കമിട്ടു 3 മാസത്തെ കഠിനപ്രയത്നത്തിനൊടുവിൽ തടാകത്തിലെ ജലനിരപ്പ് കേവലം 10 പത്ത് അടിയോളം കുറയ്ക്കാൻ അവർക്കായി.വെള്ളം തേവുന്നതിനിടെയിൽ 4000ത്തോളം സ്വർണത്തുണ്ടുകൾ കണ്ടെടുക്കാൻ അവർക്കായിയെങ്കിലും അതിന് വേണ്ടി ചെലവിട്ട മാനുഷിക പ്രയത്നവുമായ് തട്ടിച്ച് നോക്കിയാൽ കിട്ടിയതൊന്നിനും തികയുമായിരുന്നില്ല നിധിക്കൂമ്പാരം ഉണ്ടെന്നു കരുതുന്ന തടാകത്തിന്റെ മധ്യഭാഗത്ത് എത്തുവാൻ അവർക്കായില്ല.എൽഡോറാഡോ അതിൻ്റെ നിഗൂഢമായ വിസ്മയത്തെ അത്ര വേഗത്തിൽ ആർക്കും വെളിപ്പെടുത്താൻ തയാറല്ലായിരുന്നു.കഥകൾ വീണ്ടും പൊടിപ്പും തൊങ്ങലും വെച്ച് സമൃദ്ധമായ് ഇറങ്ങി.വൈദേശിക ആക്രമങ്ങളെ ഭയന്ന് ഗോത്രവർഗക്കാർ മറ്റൊരു ദേശത്തേക്ക് ഓടിപ്പോയി എന്നും അവരവിടെ സുന്ദരമായ ഒരു നഗരം പണിതീർത്തുവെന്നും .നടപ്പാതകൾ പോലും സ്വർണം കൊണ്ട് തീർത്ത ആ നഗരത്തിന്റെ മനോവ എന്നാണെന്നും വരെ കഥകൾ ഇറങ്ങി . യാഥാർഥ്യവുമായി യാതൊരു ബന്ധമില്ലാതിരുന്നിട്ട് കൂടിയും ഇത്തരം ഭാവനകൾ വെച്ച് വിപണിയിലിറങ്ങിയ അത്തരം പുസ്തകങ്ങൾ ചൂടപ്പം പോലെ വിറ്റുപോയി. ഏകദേശം നാല് ദശാബ്ദത്തിന് ശേഷം അൽപ്പം കൂടി വിപുലമായ ഒരു തടാകം വറ്റിക്കൽ ശ്രമം ഉണ്ടായി.ബൊഗോട്ടയിൽ ഉള്ള ഒരു ധനവാനായ വ്യാപാരിയുടെ നേതൃത്തത്തിൽ ആണതുണ്ടായത് മലയുടെ ഒരു ഭാഗം ചാൽ കീറി തടാകത്തിലെ വെള്ളം ഒഴുക്കിവിട്ട് 60 അടിയോളം വെട്ടിക്കാൻ അവർക്കായി.വളരെയധികം സ്വർണത്തുണ്ടുകളെ ഒരു വലിയ മരതകകല്ലും കിട്ടിയെങ്കിലും പദ്ധതിക്ക് ചെലവായ തുക വെച്ച് നോക്കിയപ്പോൾ അതും ഭീമമായ നഷ്ട്ടത്തിൽ കലാശിച്ച സംരംഭംആയിരുന്നു.മറ്റൊരാൾ ഒരു വലിയ ടണൽ നിർമിച്ച് തടാകത്തിലെ ജലം മുഴുവൻ ഒഴുക്കിക്കളയാൻ ശ്രമിച്ചുവെങ്കിലും അനവധിപേരുടെ ജീവനെടുത്തുകൊണ്ട് ടണലിടിഞ്ഞു പദ്ധതി വിഫലമായ്.
19 നൂറ്റാണ്ടിലെ പ്രശസ്ത ജർമൻ പ്രകൃതിശാസ്ത്രജ്ഞൻ ആയ അലക്സാണ്ടർ ഫോൺ ഹംബോൾതിനെയും എൽഡോറാഡോയുടെ കഥ ഹഠാതാകർഷിച്ചു.ഗ്വാട്ടാവിറ്റ തടാകത്തിൽ സമാധിയിലാണ്ടു കിടക്കുന്ന നിധിയുടെ ഏകദേശ മതിപ്പുവില അക്കാലത്തെ സുമാർ നാൽപ്പത് കോടി ഡോളർ മതിപ്പ് വരുമെന്നയാൾ കണക്കു കൂട്ടി.1912 ൽ ബ്രിട്ടീഷുകാരുടെ നേതൃത്തത്തിൽ ഏകദേശം ഒരു ലക്ഷത്തി അറുപതിനായിരം ഡോളർ മുതൽ മുടക്കിൽ ഭീമാകാരമായ പമ്പുകൾ ഉപയോഗിച്ച് തടാകം വറ്റിക്കാൻ ഒരു ശ്രമം നടത്തി. നാല് നൂറ്റാണ്ടു കാലമായ് മനുഷ്യന് പരാജയപ്പെടുത്താൻ സാധിക്കാത്ത തടാകം ഇക്കുറി ആധുനിക യന്ത്രങ്ങൾക്ക് മുൻപിൽ തൻ്റെ പ്രതിരോധം അവസാനിപ്പിച്ചു. തടാകം പൂർണമായും വറ്റി.തടാകത്തിനടിയിൽ ഊറിക്കിടന്ന ചെളിക്കുഴമ്പിൽ ബ്രിട്ടീഷുകാർ ഊടാടിപ്പരതിയെങ്കിലും ഒന്നും തന്നെ കിട്ടിയില്ല.പിറ്റേന്ന് പ്രഭാതത്തിൽ ആകട്ടെ ചെളിയെല്ലാം ഉറച്ചു കോൺക്രീറ്റ് പോലെ കടുപ്പമുള്ളതായി മാറി . ഗ്വാട്ടവിറ്റ അവരെ പരിഹസിച്ചു കൊണ്ട് തൻ്റെ ഉറവകളെ വീണ്ടും സമൃദ്ധമായ് തടാകത്തട്ടിൽ നിറച്ചു.10000 ത്തോളം ഡോളർ വില വരുന്ന സ്വർണത്തുണ്ടുകൾ ആണവർക്കവിടെ നിന്നും മൊത്തത്തിൽ ലഭിച്ചത്.അവസാനത്തെ നിധിവേട്ടയായിരുന്നത്
1965 ൽ കൊളംബിയൻ സർക്കാർ ഗ്വാട്ടാവിറ്റ തടാകത്തെ ദേശീയ ചരിത്ര സ്മാരകമായ് പ്രഘ്യാപിച്ചു.അതോടൊപ്പം പോയ നാല് നൂറ്റാണ്ട് കാലം സാഹസികരെ മോഹിപ്പിച്ച നിധിവേട്ടകൾക്കു അന്ത്യവുമായ് ഇന്നവിടം പ്രശസ്തമായ ഒരു ടൂറിസ്റ്റ് കേന്ത്രം ആണ്.എൽഡോറാഡോ എന്ന മോഹിപ്പിക്കുന്ന സ്വർണമനുഷ്യനെത്തേടി അനവധി ജീവിതങ്ങൾ പൊലിഞ്ഞുവെങ്കിലുംആ യാത്രകൾ മറ്റു ചില കണ്ടെത്തലുകൾക്കും കാരണമായി എന്നതാണ് സത്യം.മനോവാ നഗരത്തെയും എൽഡോറാഡോയെയും തേടിയുള്ള പ്രയാണത്തിൽ ആണ് ഫ്രാൻസിസ് കോ ദേ ഓറിനെല്ല മന്തമായ് ഒഴുകി അത്ലാന്റിക്കിൽ അവസാനിക്കുന്ന ഒരു നദിയെ കണ്ടെത്തിയതും കണ്ട നദിക്ക് ആമസോൺ എന്ന് പേരിട്ടതും. നൂറ്റാണ്ടുകൾ നീണ്ട നിധിവേട്ട മൂലം ആ ഭൂഖണ്ഡം മുഴുവനും മാപ്പിൽ അടയാളപ്പെടുത്താൻ ആയി എന്നുള്ളതും എടുത്തു പറയേണ്ട നേട്ടങ്ങളിൽ ഒന്നാണ്.