ഇലപൊഴിയും ശിശിരത്തിൽ…..
വാർദ്ധക്യ മൃത്യു അഥവാ senescence എന്ന അവസ്ഥ ഇലകളിൽ നോക്കിയാൽ ഇലകൾക്ക് പ്രായമാകുന്നതോടെ അതിൽ ശേഷിക്കുന്ന വെള്ളവും പോഷകാംശങ്ങളും മരത്തിലേക്ക് തന്നെ തിരിച്ച് പോകും.അതോടുകൂടി ഇല ഞെട്ടിൻെറ അടിഭാഗത്തുള്ള കോശങ്ങൾക്ക് മറ്റ് കോശങ്ങളുമായുള്ള ബന്ധം നഷ്ടപ്പെടും.ഈ കോശ നിരകളെ ഭജനകോശ നിരകൾ അഥവാ abscission layer എന്നാണ് പായുക.വാർദ്ധക്യത്തിന് മുൻപ് ഇലകൾക്ക് വെള്ളവും ധാതുലവണങ്ങളും എത്തിച്ചുകൊണ്ടിരുന്ന കനത്തിലുള്ള കോശഭിത്തിയിലെ ഏതാനും കോശങ്ങൾ ഇലയെ പിടിച്ചു നിർത്തുമെങ്കിലും സ്വന്തം ഭാരത്തേയോ കാറ്റിനേയോ അതിജീവിക്കാനുള്ള ശേഷിയുണ്ടാവില്ല.
ചില ചെടികൾ ശൈത്യകാലം വരുമ്പോൾ ഇലയുടെ നിറം മാറ്റുന്നത് കണ്ടിട്ടുണ്ടാവും. ശൈത്യകാലത്തെ നേരിടാൻ ചെടികൾ നടത്തുന്ന തയ്യാറെടുപ്പിന്റെ ഭാഗമാണിത്. ഇലകളിൽ ക്ലോറോഫിൽ, സാന്തോഫിൽ, കരോട്ടിൻ എന്നീ ഘടകങ്ങളുണ്ട്. ഇലകൾക്ക് യഥാക്രമം പച്ച, മഞ്ഞ, ഓറഞ്ച് നിറം നൽകുന്നത് ഇവയോരോന്നുമാണ്. സൂര്യപ്രകാശത്തിന്റെ സാന്നിധ്യത്തിൽ CO2 + H2O ന്റെയും സഹായത്തോടെ ക്ലോറോഫിൽ ആണ് ചെടികൾക്ക് വേണ്ട ഭക്ഷണം പാകം ചെയ്യുന്നത്. ശൈത്യകാലം വരുമ്പോൾ അതിനെ നേരിടാൻ ചെടികൾ നടത്തുന്ന തയ്യാറെടുപ്പുകൾ ഇലകളിലെ ജലാംശം കുറയ്ക്കും.ഇത് ക്ലോറോഫിലിന്റെ പ്രവർത്തനം തടസപ്പെടുത്തും. ഈ സമയത്ത് സാന്തോഫിലും കരോട്ടിനും ക്ലോറോഫിലിനെ തള്ളി മാറ്റി ഇലകളുടെ മുകളിലെത്തും.ഇതാണ് ഇലകളുടെ നിറം മാറ്റത്തിന് കാരണം.
ഈ പോസ്റ്റ്, ലേഖകന്റെ അനുവാദം കൂടാതെ യൂട്യൂബ് വീഡിയോകൾക്കായി ഉപയോഗിക്കാൻ പാടില്ല.