ആഗോള താപനത്തിനുള്ള ഒരു ഒറ്റമൂലി എന്ന നിലക്കാണ് ഇപ്പോൾ വൈദ്യുത വാഹനങ്ങൾ അവതരിപ്പിക്കപ്പെടുന്നത് . വൈദ്യുത വാഹനങ്ങളെപ്പറ്റിയുള്ള പ്രചാരണങ്ങൾ പലതും സത്യത്തിനു നിരക്കാത്തതാണ് . എങ്കിലും വൈദ്യുത വാഹനങ്ങളുടെ ചരിത്രത്തിലേക്ക് ഒരു അവലോകനം നടത്തുന്നത് വൈദ്യുത വാഹനങ്ങളെ കൂടുതൽ കൃത്യതയോടെ സമീപിക്കുന്നതിന് സഹായിക്കും .പെട്രോൾ ഡീസൽ വാഹനങ്ങൾക്ക് വളരെ മുൻപ് രംഗപ്രവേശനം ചെയ്തതാണ് വൈദ്യുത വാഹനങ്ങൽ എന്നത് വിചിത്രമെങ്കിലും ഒരു ലോക സത്യമാണ് .
വൈദ്യുത വാഹനങ്ങളുടെ ചരിത്രം ഏകദേശം രണ്ടു നൂറ്റാണ്ടുമുന്പാണ് തുടങ്ങുന്നത് .പെട്രോൾ ഡീസൽ വാഹനങ്ങൾ അവതരിക്കുന്നതിനും അര നൂറ്റാണ്ടിലേറെ മുൻപാണ് വൈദുത വാഹനങ്ങൾ അവതരിച്ചത് .പ്രതിഭാശാലിയായ അമേരിക്കൻ കൊല്ലപ്പണിക്കാരൻ തോമസ് ദാവെൻപോർട് ( Thomas Davenport 1802 – 1851))ആണ് ആദ്യ വൈദുത വാഹനം നിർമിച്ചത് .1835 ൽ ആയിരുന്നു ദാവെൻപോർട് വൈദുത ലോക്കൊമൊട്ടീവ് നിർമ്മിക്കപ്പെട്ടത് .ചെറിയ ഒരു മോഡൽ ആയിരുന്നു വെങ്കിലും ആദ്യ വൈദുത വാഹനം ദാവൻപോർട്ടിന്റേത് തന്നെ . ഇതേ കാലത്തു തന്നെ സ്കോട്ലാന്ഡിലെ തോമസ് ആൻഡേഴ്സണും ബാറ്ററികൾകൊണ്ട് പ്രവർത്തിക്കുന്ന ഒരു വാഹനം പരീക്ഷിച്ചു .
ഫ്രഞ്ച് കാരനായ ഗസ്റ്റീൻ പ്ലാൻറ്റെ ( Gaston Planté) 1859 ൽ ലെഡ് ആസിഡ് സ്റ്റോറേജ് ബാറ്ററി കണ്ടുപിടിച്ചതോടെ വൈദുത വാഹനങ്ങൾ മോഡലുകളിൽ നിന്നും യാഥാർഥ്യത്തിലേക്ക് മാറി .1885 ൽ അന്തർ ജ്വലന എഞ്ചിനുകൾ ഉപയോഗിച്ചുള്ള വാഹനങ്ങൾ വൻതോതിൽ നിരത്തിലിറങ്ങുന്നതിനു രണ്ടു ദശാബ്ദം മുൻപ് ഇംഗ്ളീഷുകാരനായ തോമസ് പാർക്കർ വൈദുത വാഹനങ്ങൾ നിർമിച്ചു നിരത്തിലിറക്കി .തോമസ് പാർക്കാരുടെ വൈദുതകാറുകൾ ലണ്ടൻ നഗരത്തിൽ ആദ്യമായി യന്ത്ര കാറുകളുടെ യുഗത്തിന് തിരി കൊളുത്തി . പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ നൂറു കിലോമീറ്റര് വേഗത്തിൽ ചീറിപ്പായുന്ന വൈദ്യത വാഹനങ്ങൾ പ്രമുഖ യൂറോപ്യൻ നഗരങ്ങളിലൂടെ ചീറിപ്പാഞ്ഞിരുന്നു . മനുഷ്യകുലത്തിന്റെ ആദ്യ യാന്ത്രിക വാഹന (കാറുകളുടെ )വിപ്ലവം വൈദ്യത വാഹനങ്ങളിലൂടെ ആയിരുന്നു.
1890 മുതൽ 1910 വരെയുള്ള കാലം വൈദുതകാറുകളുടെ സുവർണ്ണ കാലം ആയിരുന്നു .അവയുടെ കുറഞ്ഞ ദൂരപരിധിയും .വലിയ വിലയും അവ കൈക്കലാക്കുന്നതിൽ നിന്നും യൂറോപ്യൻ ഉപരി വർഗത്തെ അകറ്റിയില്ല .അവയിൽ ഉപയോഗിച്ചിരുന്ന ലെഡ് ആസിഡ് ബാറ്ററികളുടെ നിർമാണവും അക്കാലത്ത് വൻവ്യവസായമായി .
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിൽ യു എസ് ലെ ഹെന്രി ഫോർഡ് ചെലവുകുറഞ്ഞ പെട്രോൾ കാറുകളുടെ നിർമാണം തുടങ്ങി .ഫോർഡിന്റെ ടി -മോഡൽ കാറുകൾക്ക് വൈദ്യുത കാറുകളെക്കാൾ വില വളരെ കുറവായിരുന്നു .അവക്ക് വൈദ്യുത കാറുകളെക്കാൾ കൂടുതൽ റേഞ്ചും വേഗതയും കൂടി ഉണ്ടായിരുന്നു.ഇരുപതുകളോടെ ഇന്റേണൽ കംബസ്റ്റെയ്ൻ എഞ്ചിനുകൾ ഘടിപ്പിച്ച കാറുകൾ യൂറോപ്യൻ നഗരങ്ങളെയും കീഴടക്കി ,വൈദുത വാഹനങ്ങൾ പതിയെ തിരശീലക്കു പിറകിലേക്ക് മറഞ്ഞു .
—
വൈദ്യുത വാഹനങ്ങളുടെ രണ്ടാം വരവ്
—
പുതിയ തരം സ്റ്റോറേജ് ബാറ്ററികളുടെ വരവാണ് വൈദ്യുത വാഹനങ്ങളെ വീണ്ടും ഒരു പ്രായോഗിക സാധ്യതയാക്കിയത് .ഒരു നൂറ്റാണ്ട് ലെഡ് ആസിഡ് സെൽ ആയിരുന്നു പ്രധാനപ്പെട്ട സ്റ്റോറേജ് സെല്ലുകൾ . ഊർജ്ജ സാന്ദ്രതയിലെ കുറവും കൂടിയ ഭാരവും ലെഡ് ആസിഡ് സെല്ലുകളുടെ പോരായ്മയായിരുന്നു .എഴുപതുകളിലും എൺപതുകളിലും നിക്കൽ കാഡ്മിയം നിക്കൽ മെറ്റൽ ഹൈഡ്രയ്ഡ് തുടങ്ങിയവ കൂടിയ ഊർജ്ജ സാന്ദ്രതയുള്ള ബാറ്ററികൾ രംഗത്ത് വന്നു ,ലെഡ് ആസിഡ് സെല്ലിനെക്കാൾ വളരെ മടങ് ഊർജ്ജ സാന്ദ്രതയും ഭാരക്കുറവുമുള്ള ലിതിയും അയോൺ ബാറ്ററികളുടെ വരവ് വൈദ്യുത കാറുകളുടെ തിരിച്ചു വരവ് ഒരനിവാര്യതയാക്കി .
ഡി സി -എ സി കൺവെർട്ടറുകളും .വലിയ പവർ ,വോൾട്ടേജ് റേറ്റിംഗുള്ള സെമികണ്ടക്ടർ പവർ ഡിവൈസുകളുടെ ആവിർ ഭാവവും വൈദ്യുത വാഹനങ്ങളുടെ തിരിച്ചു വരവിനു കരുത്ത് നൽകി .ട്രാക്ഷൻ മോട്ടോറുകൾക്ക് ഓരോ സാഹചര്യത്തിനും അനുസരിച്ച് വൈദ്യുതോർജ്ജം ശരിയായ ആവൃതിയിലും വോൾട്ടേജിലും പ്രദാനം ചെയ്യാനാവുന്ന എ സി മോട്ടോർ ഡ്രൈവുകളുടെ ആവിർഭാവവും വൈദ്യുത വാഹനങ്ങൾക്ക് തുണയായി .ഇന്റേണൽ കംബസ്റ്റെയ്ൻ എഞ്ചിൻ വാഹനങ്ങളോട് താരതമ്യം ചെയ്യാനാവുന്ന വൈദ്യുത വാഹനങ്ങളുടെ നിർമ്മാണത്തിനുതകു ന്ന സാങ്കേതിക വിദ്യകൾ ഇപ്പോൾ മാത്രമാണ് ഒരുമിച്ച് യാഥാർഥ്യമാകുന്നത്.
ലോകത്തിന്റെ പല ഭാഗങ്ങളിലും ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങളും ശുദ്ധ ഇലക്ട്രിക് വാഹനങ്ങളും ദിവസേനയെന്നോണം രംഗപ്രവേശം ചെയ്തുകൊണ്ടിരിക്കുകയാണ് .ഊർജ്ജ സാന്ദ്രതയിൽ ഇപ്പോഴും സ്റ്റോറേജ് ബാറ്ററികൾ ഹൈഡ്രോകാർബൺ ഇന്ധനങ്ങൾക്കു വളരെ പിറകിലാണ് .ബാറ്ററികൾ ചാർജ്ജ് ചെയ്യാനെടുക്കുന്ന സമയം ഇന്ധന ടാങ്ക് നിറക്കാനെടുക്കുന്നതിന്റെ ആയിരക്കണക്കിന് മടങ്ങാണ്. ഈ വിഷമതകൾ എല്ലാം ഉണ്ടെങ്കിലും സമീപഭാവിയിൽ വൈദ്യുത വാഹനങ്ങൾ ,ഇന്റേണൽ കംബസ്റ്റെയ്ൻ എഞ്ചിൻ വാഹനങ്ങളോട് നല്ല കിടമത്സരം കാഴ്ചവെക്കും എന്ന് തന്നെയാണ് കരുതപ്പെടുന്നത്.
—
വൈദ്യുത വാഹനങ്ങളുടെ പോരായ്മകൾ.
—
പ്രചരിപ്പിക്കപ്പെടുംപോലെ അത്ര പരിസ്ഥിതി സൗഹൃദം ഒന്നുമല്ല വൈദ്യുതി വാഹനങ്ങൾ . വൈദ്യുതി വാഹനങ്ങൾ ചാർജ്ജ് ചെയ്യാൻ ഉപയോഗിക്കുന്ന വൈദ്യുതി എങ്ങനെ നിർമിക്കുന്നു എന്നത് അനുസരിച്ചിരിക്കും അവയുടെ കാർബൺ ഫൂട്ട് പ്രിന്റ് . കൽക്കരി കത്തിച്ചു കിട്ടുന്ന താപോർജം ഉപയോഗിച്ച് വൈദ്യുതി നിർമിക്കുന്ന താപനിലയങ്ങളിൽ നിന്നും ലഭിക്കുന്ന വൈദ്യുതിഉപയോഗിച്ച് ചാർജ്ജ് ചെയുന്ന വൈദ്യുത വാഹനങ്ങൾ പെട്രോൾ /ഡീസൽ വാഹനങ്ങളെക്കാൾ കൂടുതൽ ഹരിതഗൃഹ വാതകങ്ങളാവും ഒരു കിലോമീറ്റർ ഓടുമ്പോൾ അന്ത രീക്ഷത്തിലേക്ക് തള്ളാൻ കാരണമായിട്ടുണ്ടാവുക . ആണവേതര താപവൈദ്യുതി ഉപയോഗിച്ച് ചാർജ്ജ് ചെയുന്ന ഓരോ വൈദ്യുത വാഹനവും ഭൂമിക്ക് കൂടുതൽ ബാധ്യത ആവുകയാണ് ചെയുക . ഒരു കാലിലെ മന്ത് മറ്റേ കാലിലേക്ക് മാറ്റുന്നതു പോലുള്ള ഒരവസ്ഥ .
വൈദ്യുത വാഹനങ്ങൾക്ക് എന്തെങ്കിലും മേന്മ കൈവരിക്കണമെങ്കിൽ അവയെ സൗര വൈദ്യുതികൊണ്ട് ചാർജ്ജ് ചെയ്യണം . പകൽ നിരത്തിൽ ഓടുന്ന വൈദ്യുത വാഹനങ്ങളെ സൗര വൈദ്യുതി കൊണ്ട് പെട്ടെന്ന് ചാർജ്ജ് ചെയുക സാധ്യമല്ല . സൗര വൈദ്യുതി ഏതെങ്കിലും രീതിയിൽ ശേഖരിച്ചു രാത്രിയിൽ വൈദ്യുത വാഹനങ്ങ ലെ ചാർജ്ജ് ചെയുക എന്നതാണ് ഒരു പ്രായോഗിക പരിഹാരം .പക്ഷെ ഈ രീതിയിൽ സൗര വൈദ്യുതിയെ കൈകാര്യം ചെയുമ്പോൾ ഊർജ നഷ്ടം ഒരു അവഗണിക്കാനാവാത്ത ഫാക്റ്റർ ആയി വരും . ചുരുക്കത്തിൽ സമ്പൂർണമായും സൗരവൈദ്യുതി ഉപയോഗിക്കാത്ത ഏതൊരു വൈദ്യുത വാഹനവും പ്രചരിപ്പിക്കപ്പെടുന്ന ഗുണങ്ങൾ ഒന്നും നൽകുന്നില്ല .
വൈദ്യുത വാഹനങ്ങളുടെ മറ്റൊരു കുറവ് അവ വരുത്തി വച്ചേക്കാവുന്ന രാസ മലിനീകരണമാണ് . പെട്രോളോ ഡീസലോ കത്തിക്കുമ്പോൾ ഉണ്ടാവുന്നത് കാർബൺ ഡയോക്സയിഡും, നീരാവിയും ചെറിയ വളവിൽ നയ്ട്രജന്റെ ഓക്ക്സയ്ഡുകളും ആണ് . ഇവയൊന്നും തന്നെ മാരകമായ രാസവസ്തുക്കളല്ല.
ഓരോ വൈദ്യുത വാഹനത്തിലും ഘടിപ്പിച്ചിട്ടുള്ള റീചാർജെബിൾ ബാറ്ററികൾ അപകടകരമായ രാസവസ്തുക്കൾ അടങ്ങിയവയാണ് . സൂക്ഷിച്ചു ഉപയോഗിച്ചില്ല എങ്കിൽ അവ കാര്യമായ രാസമലിനീകരണം വരുത്തിവക്കും . മിക്ക ബാറ്റെറികളുടെയും ആയുസ്സ് 3-5 വര്ഷം വരെയാണ് . അതുകഴിയുമ്പോൾ അവയുടെ വൈദ്യുത സംഭരണ ശേഷി കാര്യമായി കുറയുകയും ആന്തര പ്രതിരോധം വർധിക്കുകയും ചെയ്യും . പിന്നീട് അവയെ കാര്യക്ഷമമായി ഉപയോഗിക്കാനാവില്ല . ഉപയോഗിച്ച് കഴിഞ്ഞ ബാറ്റെറികളെ അപകടം കൂടാതെ റീസൈക്കിൾ ചെയുക എന്നത് ചെലവേറിയ ഒരു പ്രക്രിയയാണ് . ഇതിലേക്കുള്ള പണവും വൈദ്യുത വാഹനം വാങ്ങുനനവരിൽ നിന്നും തന്നെ ഈടാക്കേണ്ടിവരും . സാധാരണ നികുതിദായകരിൽ ഈ ഭാരം അടിച്ചേൽപ്പിക്കുന്നത് എല്ലാ മര്യാദകൾക്കും വിരുദ്ധമാണ് .
ഉപയോഗിച്ച വാഹന ബാറ്ററികൾ റീസൈക്കിൾ ചെയാനുളള വിപുലമായ പദ്ധതികൾ നടപ്പാക്കാതെ വൈദ്യുത വാഹനങ്ങൾ വ്യാപകമായാൽ ഉപയോഗം കഴിഞ്ഞ വാഹന ബാറ്ററികൾ വലിയ ഒരു മലിനീകരണ പ്രശ്നമാവും സൃഷ്ടിക്കുന്നത് .
—
ഇന്ത്യയും വൈദ്യുത വാഹനങ്ങളുo.
—
മറ്റു രാജ്യങ്ങളെപോലെ ഇന്ത്യയിലും വൈദ്യുത വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന അനേകം നടപടികൾ തുടങ്ങിക്കഴിഞ്ഞു . ഏതാനും വർഷങ്ങൾക്കുള്ളിൽ പെട്രോൾ/ ഡീസൽ വാഹനങ്ങളെ ചില മേഖലകളിൽ നിന്നും പൂർണമായും ഒഴിവാക്കുന്നതിനെപ്പറ്റി വരെ ഇപ്പോൾ ചർച്ചകൾ നടക്കുന്നുണ്ട് .
ഇന്ന് ആഭ്യന്തര ഉല്പാദനത്തിന്റെ അഞ്ചു ശതമാനത്തിലധികം നൽകുന്ന ഒരു വ്യവസായമേഖലയാണ് വാഹനമേഖല .ഇപ്പോൾ ഈ മേഖല ഏതാണ്ട് പൂർണമായും പെട്രോൾ /ഡീസൽ വാഹനങ്ങൾ കൈയടക്കിയിരിക്കുകയാണ് . വാഹന നിർമാണവും ,വാഹന അനുബന്ധ സാമഗ്രികളുടെ നിർമാണവും കൈകാര്യം ചെയുന്ന ആയിരകകണക്കിനു ചെറുകിട ഇടത്തരം കമ്പനികളാണ് ഇന്ത്യയിൽ അങ്ങോളമിങ്ങോളം പ്രവർത്തിക്കുന്നത് .ഈ സ്ഥാപനങ്ങൾ നൽകുന്ന തൊഴിലും അനുബന്ധ തൊഴിൽ അവസരങ്ങളും അനേക ദശലക്ഷങ്ങളാണ് . പതിനായിരക്കണക്കിന് കോടി രൂപയാണ് ഈ സ്ഥാപനങ്ങൾ നികുതിയിനത്തിൽ നൽകുന്നത് .
ഇപ്പോൾ പെട്രോൾ /ഡീസൽ വാഹനഭാഗങ്ങൾ ഏതാണ്ട് 90 % ഇന്ത്യയിൽ തന്നെയാണ് നിർമിക്കുന്നത് . വൈദ്യുതി വാഹനങ്ങളുടെ കാര്യത്തിൽ നേരെ തിരിച്ചാണ് . ഒരു വൈദ്യുതി വാഹന വാഹന അനുബന്ധ സാമഗ്രി നിർമാണ വ്യവസായം ഇപ്പോഴും ഇന്ത്യയിൽ വേരുപിടിച്ചിട്ടില്ല . സിംഹഭാഗവും വൈദ്യുതി വാഹന ഭാഗങ്ങളും ഇപ്പോൾ ഇറക്കുമതി ചെയ്യുകയാണ് . അതിലും മഹാഭൂരിഭാഗവും ചൈനയിൽ നിന്നും ആണ് . വൈദ്യുതി വാഹനങ്ങളെ ഇപ്പോഴത്തെ സാഹചര്യത്തിൽ അതിരുകടന്ന പ്രോത്സാഹിപ്പിച്ചാൽ ആഭ്യന്തര വാഹന നിർമാണ വ്യവസായത്തിന്റെ തകർച്ചക്കും നിയന്ത്രണമില്ലാതെ ഇറക്കുമതിക്കും അത് കാരണമാകും .
അനുബന്ധ വ്യവസായങ്ങൾ കെട്ടിപ്പെടുക്കാതെയുള്ള വൈദ്യുതി വാഹനങ്ങളിലേക്കുള്ള മാറ്റം നമുക്ക് നഷ്ടങ്ങൾ മാത്രമാകും സമ്മാനിക്കുക . സാവധാനത്തിൽ പ്രായോഗിക സമീപനങ്ങളിൽ ഊന്നിയ മാറ്റം എല്ലാവർക്കും ഗുണവും നിലനില്കാനുള അവസരവും പ്രദാനം ചെയ്യും . ഭൂമിയിൽ ചുവടുറപ്പിക്കാതെ വലിയ സ്വപ്നങ്ങൾ നെയ്തിട്ട് ഒരു കാര്യവും ഇല്ല . ചുവടുറപ്പിച്ചു നിൽക്കുന്ന ഭൂമി കൂടി ആ സ്വപ്നങ്ങൾ നഷ്ടപ്പെടുത്തും .
====
This is an original work –Rishidas.S.
—
image : courtesy:https://commons.wikimedia.org/wiki/File:Electric_Vehicle_(EV)_used_as_an_alternative_of_energy_conservation_of_oil.jpg