അമേരിക്കയുടെ ആയുധ ശേഖരത്തിലുള്ള ഏക സൂപ്പർസോണിക്ക് ലോങ്ങ് റേൻജ് ബോംബർ ആണ് B 1B ബോംബർ . B52 , B2 ഒക്കെ ശബ്ദവേഗതക്ക് താഴെ സഞ്ചരിക്കുന്ന ബോംബറുകളാണ് . എഴുപതുകളിൽ ശബ്ദത്തിന്റെ രണ്ടിരട്ടി വേഗതയിൽ സഞ്ചരിക്കാവുന്ന B 1A ബോംബർ പദ്ധതി യാണ് അമേരിക്ക വിഭാവനം ചെയ്തത് . പക്ഷെ സാങ്കേതിക പ്രശ്നങ്ങളും അഭിപ്രായ ഭിന്നതകളും കാരണം B 1A ബോംബർ പദ്ധതി ഉപേക്ഷിക്കപ്പെട്ടു . പകരമാണ് താരതമ്യേന ചെലവ് കുറഞ്ഞ മാക്ക് 1.25 മാത്രം പരമാവധി വേഗതയുള്ള B 1B ബോംബർ പദ്ധതി അവതരിപ്പിക്കപ്പെട്ടത് . സൂപ്പർ സോണിക്ക് എന്ന് പറയുന്നെങ്കിലും കൂടുതൽ സമയം ശബ്ദവേഗതയെ അധികരിച്ചു പറക്കാനുള്ള ത്രസ്റ്റ് B 1B യുടെ എഞ്ചിനുകൾക്ക് ഇല്ല . സാങ്കേതികമായി ഒരു ട്രാൻസ് സോണിക്ക് ബോംബർ ആണ് B 1B .
ഗൾഫ് യുദ്ധങ്ങളിലും അഫ്ഗാൻ യുദ്ധത്തിലും അമേരിക്കയുടെ പ്രധാന ബോംബർ ആയിരുന്നു B 1B . തെക്കൻ ഇന്ത്യൻ സമുദ്ര ദ്വീപായ ഡീഗോ ഗാർഷ്യയിൽ വിന്യസിക്കപ്പെട്ടിരുന്ന B 1B ബോംബറുകളാണ് ഗൾഫ് , അഫ്ഗാൻ യുദ്ധങ്ങളിൽ ബോംബുവർഷിച്ചത് . ഇപ്പോഴു ഡീഗോ ഗാർഷ്യ തന്നെയാണ് അമേരിക്കയുടെ പ്രധാനമായ B 1B ബോംബർ ബേസ്.
ഏകദേശം 100 B 1B ബോംബറുകളാണ് നിർമ്മിക്കപ്പെട്ടത് . അവയിൽ ഏതാണ്ട് 40 എണ്ണം തകർന്നു വീഴുകയോ ഉപയോഗശൂന്യമാവുകയോ ചെയ്തിട്ടുണ്ട് . ഇപ്പോൾ ഏതാണ്ട് 60 B 1B ബോംബറുകളാണ് അമേരിക്കൻ വ്യോമസേനയുടെ ആക്റ്റീവ് സർവീസിൽ ഉള്ളത് .
=====
IMAGE COURTSEY:https://commons.wikimedia.org/wiki/Rockwell_B-1_Lancer…
RISHIDAS